Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ത്രീയെ ഉപഭോഗവസ്തുവായി ആര് കണ്ടാലും തെറ്റാണ്.
തെറ്റ് നിരന്തരം ആവർത്തിക്കുന്ന നേതാവ് അതൊരു നേട്ടമായി കൊണ്ടാടുകയാണ്. യൂത്ത് കോൺഗ്രസുകാർ രാഹുലിനെ വാഴ്ത്തുകയാണ്. കോൺഗ്രസ് ചെന്ന് പതിച്ചിരിക്കുന്ന അപചയത്തിന്റെയും ധാർമിക തകർച്ചയുടെയും പ്രതീകമാണ് ആ നേതാക്കന്മാർ.
കോൺഗ്രസ് ഒരുപാട് മാറിപ്പോയി. കോൺഗ്രസ് പ്രവർത്തകർ ഗാന്ധിയെയും നെഹ്റുവിനെയും മറന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പത്രിക നൽകുന്നതിന് തൊട്ടുമുമ്പ് സ്ഥാനാർഥി മുങ്ങിയതോടെ തലസ്ഥാനത്തെ സിപിഐ നേതൃത്വം വെട്ടിലായി. ഊരുട്ടമ്പലം വാർഡിലെ സ്ഥാനാർഥിയായി തീരുമാനിച്ച ജോസാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറുപ്പിട്ടശേഷം മുങ്ങിയത്.
തുടർന്ന് ജോസിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. നിലവിൽ സ്ഥാനാർഥി ഒളിവിലെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് സഹകരണം ലഭിക്കുന്നില്ലെന്ന് ജോസ് പരാതി പറഞ്ഞിരുന്നു.
ജോസിനെ സ്ഥാനാർഥിയാക്കിയതിൽ സിപിഐയിലും എതിർപ്പുണ്ടായിരുന്നു. ആർക്കും ഒറ്റയ്ക്ക് ഒരു യുദ്ധം വിജയിക്കാനാവില്ല. സ്ഥാനാർഥിയായപ്പോൾ തന്നെ പാർട്ടിയിൽ ഒറ്റപ്പെട്ടു. എല്ലാവരും കൂട്ടായി കഠിനമായി പരിശ്രമിച്ചാൽ പോലും ജാതീയമായ ധ്രുവീകരണമുണ്ടായാൽ വിജയം അസാധ്യമാകും.
നോമിനേഷൻ നൽകുന്നതിനു മുമ്പ് ഇത് പറയുന്നത് പാർട്ടിയോട് കാട്ടുന്ന ചതിയാണെന്നറിയാം. എങ്കിലും ഇനിയും വൈകിയിട്ടില്ല എന്നതു കൊണ്ടാണ് ഇപ്പോൾ തന്നെ അറിയിക്കുന്നത്. മത്സരരംഗത്തുനിന്ന് പിൻമാറുകയാണെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു.
Kerala
കൊച്ചി: തൃക്കാക്കര നഗരസഭയിലെ എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ തർക്കം രൂക്ഷമാകുന്നു. നഗരസഭയില്‍ സിപിഐ തനിച്ച് മത്സരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. സിപിഐയുടെ രണ്ട് സിറ്റിംഗ് വാർഡുകൾ വിട്ടുനല്‍കാന്‍ സിപിഎം തയാറായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്.
15 മുതല്‍ 20 വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് സിപിഐയുടെ നീക്കം. നഗര സഭയിലെ സിപിഐയുടെ സിറ്റിംഗ് വാര്‍ഡുകളായ സഹകരണ റോഡ്, ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ തീരുമാനിച്ചെന്നാണ് സിപിഐയുടെ പരാതി.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമതനായി വിജയിച്ച് പിന്നീട് എല്‍ഡിഎഫിന്റെ ഭാഗമായ പി.സി. മനൂപിനെ ഹെല്‍ത്ത് സെന്റര്‍ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗം ജിജോ ചിങ്ങംതറയെ സഹകരണ റോഡിലും സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎമ്മിന്റെ നീക്കം.
Kerala
തിരുവനന്തപുരം: കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണെന്ന് ശിവൻകുട്ടി പറഞ്ഞു.
കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല. ഈ ഫണ്ട് ഉപയോഗിക്കുന്നത് ഭിന്നശേഷി കുട്ടികൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയ അർഹതപ്പെട്ടവർക്ക് വേണ്ടിയാണ്. ഈ ഫണ്ടിനായി ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ കടമയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാനുള്ള ആദ്യഘട്ട ശ്രമം പോലും സംസ്ഥാന താൽപര്യം മുൻനിർത്തിയാണ്. നമ്മുടെ വിദ്യാഭ്യാസ നിയമങ്ങൾക്കും പാഠ്യപദ്ധതിക്കും എതിരല്ലാത്ത ഭാഗങ്ങൾ മാത്രം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷതയും പുരോഗമന സ്വഭാവവും കാത്തുസൂക്ഷിക്കുക എന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിയുറച്ച നിലപാടാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു പദ്ധതിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്. അത് നമ്മുടെ നയമാണ്. ഈ നയം ശക്തിപ്പെടുത്താൻ സംസ്ഥാനത്തിന് അർഹതപ്പെട്ട എല്ലാ ഫണ്ടുകളും നേടാൻ ഇനിയും ശ്രമിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രകോപിതനാകാൻ എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രകോപനം ഉണ്ടാക്കാനോ പ്രകോപിതനാക്കാനോ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്കെ ഫണ്ട് കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം തനിക്കില്ലെന്ന് ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
പിഎം ശ്രീയെ പറ്റി ശിവൻകുട്ടിയെ പഠിപ്പിക്കാൻ താൻ ആളല്ല. പിഎം ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം ശിവൻകുട്ടിയെ പഠിപ്പിക്കാൻ തന്നെക്കാളും അവകാശമുള്ളത് എം.എ. ബേബിക്കും എം.വി. ഗോവിന്ദനുമാണ്. അവർ പഠിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയിലൂടെ ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ട നടപ്പിലാക്കാനുള്ള നീക്കം, അതിനെപ്പറ്റിയുള്ള ഇടതുപക്ഷത്തിന്റെ ശരിയെന്താണെന്ന് താൻ പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കാൻ സിപിഎമ്മിന്റെ നേതാക്കന്മാരുണ്ട്.
പിഎം ശ്രീയും എസ്എസ്കെയും രണ്ടും ഒന്നല്ല. രണ്ടും കൂട്ടിക്കലർത്തുന്നത് ബിജെപിയുടെ രാഷ്ട്രീയമാണ്. അതല്ല എൽഡിഎഫ് രാഷ്ട്രീയം. എസ്എസ്കെ ഫണ്ട് ലഭിക്കാൻ നമുക്ക് അവകാശമുണ്ട്. എസ്എസ്കെ ഫണ്ട് തട്ടിപറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ അതിനെ ഇടതുപക്ഷം നിയമപരമായും രാഷ്ട്രീയപരമായും എതിർക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീയെ സംബന്ധിച്ച ജയപരാജയം അളക്കാൻ സിപിഐ ഇല്ല. ഇത് ഇടതുപക്ഷത്തിന്റെ വിജയമാണെന്നാണ് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നത്. ഈ കത്ത് ഉൾപ്പെടെയുള്ള എല്ലാ കാര്യവും ഇടതുപക്ഷത്തിന്റെ വിജയമാണ്.
എൽഡിഎഫ് രാഷ്ട്രീയത്തിന്റെ ഐക്യത്തിനോ അടിത്തറയ്ക്കോ ഭംഗം വരുന്നത് ഒന്നും ചെയ്യില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എസ്എസ്കെ ഫണ്ട് ഇനി കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്ക് ഇല്ലെന്ന് വി. ശിവൻകുട്ടി.
ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തോട്ടെ. ബിനോയ് വിശ്വത്തിന്റെ പരാമർശം വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണെന്ന് വ്യക്തമാണ്. മന്ത്രിസഭാ ഉപസമിതിയെ പോലും ബിനോയ് വിശ്വം പുച്ഛത്തോടെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും കേന്ദ്രത്തിൽ നിന്ന് ഇടതുപക്ഷ ആശയം പഠിക്കേണ്ട ഗതികേട് സിപിഎമ്മിന് ഇല്ല. ആർഎസ്എസിനെ പ്രതിരോധിക്കാൻ ഞങ്ങൾ മാത്രമേ ഉള്ളൂവെന്ന് ചിലർ വരുത്തിത്തീർക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ആയതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
NRI
ദമാം: കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികളെ പ്രതിപക്ഷം ഭയക്കുന്നതിന്റെ തെളിവാണ് അതിദാരിദ്ര്യനിർമാർജന പ്രഖ്യാപനത്തിനെതിരേയുള്ള അവരുടെ പ്രസ്താവനകളെന്ന് മുഹമ്മദ് മൊഹിസിൻ എംഎൽഎ.
ദമാമിൽ സന്ദർശനത്തിനെത്തിയപ്പോൾ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേരള സർക്കാറിന്റെ വിവിധ വകുപ്പുകളും ആശാവർക്കർമാർ അടക്കമുള്ള വിവിധ സന്നദ്ധപ്രവർത്തകരും ഒത്തുചേർന്നു നടത്തി പൂർത്തിയാക്കിയ ഒരു വലിയൊരു പ്രൊജക്റ്റാണ് അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി.
Kerala
പത്തനംതിട്ട: എഐവൈഎഫ് സംസ്ഥാന സമിതിയംഗവും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ രാജി സിപിഐ നേതൃത്വത്തിനു വെല്ലുവിളിയാകും. തുടര്‍ന്ന് ഏതു രാഷ്്ട്രീയകക്ഷിയില് പ്രവര്‍ത്തിക്കുമെന്നതു സംബന്ധിച്ചു തീരുമാനമായിലെന്നു പറഞ്ഞുവെങ്കിലും കോണ്ഗ്രസിലേക്കെന്നാണു സൂചന.
ജില്ലാ പഞ്ചായത്തംഗത്വം രാജിവച്ചതിനൊപ്പം സിപിഐയില്‍ ഇനി താനുണ്ടാവില്ലെന്നും ശ്രീനാദേവി പറഞ്ഞു. ശ്രീനാദേവിയുടെ പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കു നല്കിയ അപേക്ഷ പരിഗണിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണു രാജിക്കു കാരണമായത്. ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെതിരേ പാര്‍ട്ടി ഘടകങ്ങളില്‍ ശ്രീനാദേവി പരാതി നല്‍കിയതോടെയാണ് ഇവരുമായി സിപിഐ നേതൃത്വം അകന്നത്. ജയന് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവില്‍ ജയന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുകയുമുണ്ടായി.
പാര്‍ട്ടി ഘടകങ്ങളില്‍ നിന്നു നേരിട്ട അവഗണനയും അവഹേളനവുമാണ് രാജിക്കു കാരണമെന്നും അവര്‍ അറിയിച്ചു. എഐവൈഎഫിന്റെ ഉത്തരവാദിത്വപ്പെട്ട തസ്തികയില്‍ താനുണ്ടായിട്ടും തന്നെ അറിയില്ലെന്ന തരത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സിലംഗം പ്രസ്താവന നടത്തിയിരുന്നു.
പാര്‍ട്ടിസമ്മേളനങ്ങളില്‍ ഒരു ക്ഷണിതാവായി പോലും തന്നെ പങ്കെടുപ്പിച്ചില്ല. പിന്നീട് പാര്‍ട്ടി അംഗതവും നഷ്ടമാക്കി. ഇതു പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നേതൃത്വം അനുവദിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തിനും കണ്ട്രോള് കമ്മീഷനും ജില്ലാസെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.
മാനുഷികപരിഗണനയിലൂന്നിയ സംരക്ഷണം നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ് എന്നതുപോലും മറന്നുകൊണ്ടുള്ള സിപിഐ നേതാക്കളുടെ നിരുത്തരവാദപരമായ സമീപനം അപമാനവും അവഗണനയുമാണു തന്നത്.
പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാളുടെ അഴിമതി താന്‍ ചൂണ്ടിക്കാട്ടി നല്കിയ പരാതി വിവിധ തലങ്ങളില്‍ അന്വേഷിച്ച് ശരിയെന്ന് കണ്ട് പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണ്.
നേരത്തെയുള്ള ധാരണ പ്രകാരം തനിക്കു ലഭിക്കേണ്ടിയിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിഷേധിക്കുകയായിരുന്നു. ഇതിനിടയില്‍ എഐവൈഎഫ് സംസ്ഥാന സമിതിയില്‍ നിന്നു കാരണം കൂടാതെ പുറത്താക്കാനും ശ്രമമുണ്ടായി. ക്രിമിനല്‍ കേസില്‍ കുടുക്കി മാനസികമായി തളര്‍ത്താനും ശ്രമമുണ്ടായെന്ന് ശ്രീനാദേവി പറഞ്ഞു.
വ്യക്തിഹത്യയും യഥേഷ്ടം നടത്തി. പള്ളിക്കലിലെ ജനങ്ങളോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ഇത്രയും കാലം പിടിച്ചു നിന്നതെന്നും ഇനി ഏതെങ്കിലും രാഷ്്ട്രീയകക്ഷിയില് ചേര്‍ന്നു പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ശ്രീനാദേവി പറഞ്ഞു.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച സിപിഐ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ പാർട്ടിവിട്ടു. ജില്ലാ പഞ്ചായത്ത് അംഗത്വവും പാർട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളും രാജിവച്ചതായി ശ്രീനാദേവി പറഞ്ഞു. പള്ളിക്കല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗമായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് പാർട്ടി ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികൾ പാർട്ടി സംസ്ഥാന നേതൃത്വത്തിന് നൽകിയതാണ്.
എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
രാഹുൽ മാങ്കൂട്ടത്തിൽ നിയമത്തിനു മുന്നിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ ഈ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നുമാണ് അവർ കുറിപ്പിൽ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിലെ സമവായത്തിനു പിന്നാലെ സിപിഐ നേതാക്കൾക്കെതിരേ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മന്ത്രി ജി.ആർ. അനിൽ സിപിഐ ഓഫീസിനു മുന്നിൽ വച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തി. എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളുടെ പ്രതിഷേധം അതിരുകടന്നെന്നും ശിവൻകുട്ടി പറഞ്ഞു.
അനിലിനെ ഫോണിൽ വിളിച്ച ശേഷമാണ് ഓഫീസിൽ പോയത്. എന്നാൽ അനിൽ മാധ്യമങ്ങളോട് എന്നെ അവഹേളിക്കുന്ന രീതിയിൽ പറഞ്ഞു. ഒരാൾ ഓഫീസിൽ വന്നാൽ സംസാരിക്കണമല്ലോ എന്നാണ് പറഞ്ഞത്. അത് മര്യാദ ഇല്ലാത്ത സംസ്കാരമാണെന്ന് ശിവൻകുട്ടി വിമർശിച്ചു.
എഐഎസ്എഫ്, എഐവൈഎഫ് സംഘടനകൾ അതിരുകടന്ന് പ്രതിഷേധിച്ചു. തന്റെ വീട്ടിലേക്ക് രണ്ടുതവണ പ്രകടനം നടത്തി. തന്റെ കോലം കത്തിച്ചത് എന്തിനാണ്. തന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു ഇവർ. താൻ ബിനോയ് വിശ്വത്തെ വിളിച്ചു പരാതിപ്പെട്ടെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനുള്ള സർക്കാർ തീരുമാനം സിപിഐയെ മയക്കാനുള്ള മയക്കുവെടി മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മയക്കുവെടിയേറ്റോ എന്ന് പറയേണ്ടത് സിപിഐ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ഒത്തുതീർപ്പിന് വേണ്ടിയുള്ള അടവുനയം മാത്രമാണിത്. ധാരണാപത്രം റദ്ദാക്കാൻ കേന്ദ്രത്തിനേ അവകാശമുള്ളൂ. മരവിപ്പിക്കാം എന്ന നിർദേശം പ്രായോഗികമല്ല. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. ബിജെപി- സിപിഎം ഒത്തുകളി പകൽ പോലെ വ്യക്തമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ ധാരണാപത്രം റദ്ദാക്കിയില്ലെങ്കിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ബഹിഷ്കരിക്കുമെന്ന് സിപിഐ. ചൊവ്വാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നിലപാട് കടുപ്പിക്കാൻ സിപിഐ തീരുമാനിച്ചത്.
അതേസമയം മന്ത്രിമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും തലസ്ഥാനത്ത് തുടരണമെന്നും ബിനോയ് വിശ്വം നിർദേശിച്ചിട്ടുണ്ട്. അനുനയ നീക്കത്തിന്റെ ഭാഗമായി മന്ത്രിസഭാ യോഗം വൈകുന്നേരം 3.30 ലേക്ക് മാറ്റി. ഇന്ന് രാവിലെ ഒമ്പതിന് സിപിഐ സെക്രട്ടേറിയറ്റ് യോഗം ചേരും.
കരാർ റദ്ദാക്കിയെന്ന് പരസ്യമായി പ്രഖ്യാപിക്കാതെ തങ്ങളുടെ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കി. എസ്എസ്കെ ഫണ്ട് വാങ്ങി പിഎം ശ്രീയിൽ മെല്ലെ പോക്ക് നടത്താമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് വീണ്ടും ഉയർത്തുന്നുണ്ടെങ്കിലും സിപിഐ വഴങ്ങില്ല.
രണ്ട് തവണ മന്ത്രിസഭ ചർച്ച ചെയ്തു മാറ്റിവച്ച വിഷയത്തിൽ വീണ്ടും മന്ത്രിസഭയുടെ അനുമതി ഇല്ലാതെയാണ് ഒപ്പിട്ടത്. ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. അതേസമയം സമവായം തുടരാനുള്ള നീക്കത്തിലാണ് സിപിഎം.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കണ്ണൂരിലെ പരിപാടികളെല്ലാം റദ്ദാക്കി രാത്രിയോടെ തലസ്ഥാനത്തേക്ക് തിരിച്ചു. ഇന്ന് രാവിലെ അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചൊല്ലി എൽഡിഎഫിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പദ്ധതിയിൽനിന്നു പിന്മാറണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചു നിൽക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു സിപിഐ മന്ത്രിമാരെ പിൻവലിക്കാനുള്ള കടുത്ത നിലപാടിലാണ് സിപിഐ നേതൃത്വം.
മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാതെ മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നാണ് സിപിഐ യുടെ ആരോപണം. തങ്ങളുടെ ആതമാഭിമാനത്തിനേറ്റ മുറിവാണ്. സിപിഐ സംസ്ഥാന നേതൃത്യത്തിനോടു പോലും ചർച്ച ചെയ്യാതെ ഇടതുനയങ്ങൾക്ക് വിരുദ്ധമായാണ് ധാരണാപത്രത്തിൽ അതീവ രഹസ്യമായി ഒപ്പിട്ടതെന്നാണു സിപിഐ പറയുന്നത്.
പിണങ്ങി നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതായി കാട്ടി കേന്ദ്രത്തിനു കത്ത് നൽകണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച തീരുമാനിച്ചത്.
അതേസമയം ധാരണാപത്രത്തിൽ ഒപ്പിട്ടതിനെച്ചൊല്ലി വിചിത്ര ന്യായീകരണങ്ങളാണ് മന്ത്രി വി. ശിവൻകുട്ടി നിരത്തുന്നത്. ഒപ്പിട്ടതു പേരിനുവേണ്ടി മാത്രമാണെന്നാണ് മന്ത്രി ന്യായീകരിച്ചത്.
എൻഇപി നടപ്പാക്കില്ലെന്ന് മന്ത്രി പറയുന്നു. സിപിഐ യെ പരോക്ഷമായി വിമർശിച്ചു കൊണ്ടാണ് മന്ത്രി ശിവൻകുട്ടിയുടെ വാദങ്ങൾ. ദേശാഭിമാനി പത്രത്തിൽ ഒപ്പിട്ടതിനെ ന്യായീകരിച്ചു ശിവൻകുട്ടി ലേഖനം എഴുതിയിട്ടുണ്ട്. പാർട്ടിയുടെ മലക്കംമറിച്ചിലിൽ സിപിഎമ്മിലെ അണികൾക്കും നേതാക്കൾക്കും അമർഷം ഉണ്ട്.
Kerala
ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ കടുത്ത നിലപാടുമായി സിപിഐ. ചൊവ്വാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടന്ന കൂടിക്കാഴ്ച സമവായമാകാത്ത സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐയുടെ നാല് മന്ത്രിമാർ പങ്കെടുക്കില്ല എന്ന കടുത്ത നിലപാട് സ്വീകരിച്ചത്.
ആലപ്പുഴ ഗസ്റ്റ്ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂർ ഇരുവരും ചർച്ച നടത്തി. ബിനോയ് വിശ്വവുമായുള്ള ചർച്ചയ്ക്കു പിന്നാലെ സിപിഐയുടെ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ എന്നിവരും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി സിപിഐ. പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്ന നേതാക്കളുടെ അഭിപ്രായത്തെത്തുടര്‍ന്ന് മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചു.
മന്ത്രിമാരായ കെ.രാജനും പി.പ്രസാദും ജി.ആര്. അനിലും ചിഞ്ചുറാണിയുമാണ് രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ എന്തിനും തയാറാണെന്നാണ് മന്ത്രിമാരും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തുടക്കം കുറിച്ച പദ്ധതികളുടെ ഫയല്‍ വര്‍ക്കുകള്‍ വേഗത്തിലാക്കാന്‍ നാലു മന്ത്രിമാരും തങ്ങളുടെ ഓഫീസ് ജീവനക്കാര്‍ക്കു നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചേർന്ന കേന്ദ്ര സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ സർക്കാർ നടപടിക്കെതിരേ കനത്ത രോക്ഷമാണ് ഉയർന്നത്. പിഎം ശ്രീയിൽ ഒപ്പിട്ടു എന്നു മാത്രമായി വിഷയത്തെ ചുരുക്കേണ്ടെന്നും ബിജെപിയുടെ നയങ്ങൾ അംഗീകരിക്കുന്നവരായി എൽഡിഎഫ് സർക്കാർ മാറിയതിനെതിരേയാണ് പ്രതികരിക്കേണ്ടതെന്നുമുള്ള വികാരമാണ് യോഗങ്ങളിൽ ഉണ്ടായത്.
കേരളത്തിൽനിന്നുള്ള കെ. പ്രകാശ് ബാബുവാണ് നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചത്. വിഷയത്തിൽ നിർണായക തീരുമാനമെടുക്കാൻ സിപിഐ നിർവാഹകസമിതി യോഗം ഇന്ന് ആലപ്പുഴയിൽ നടക്കുകയാണ്. യോഗത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്നു തന്നെയാണ് സൂചന. മന്ത്രിമാരെ പിൻവലിക്കുമോ അതോ മുന്നണിയിൽ നിന്നുതന്നെ മാറിനിൽക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകും: ബിനോയ് വിശ്വം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ആശയപരമായും നയപരമായും മുന്നോട്ട് പോകും. മുഖ്യമന്ത്രി തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം വിളിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിപിഐ നിലപാടുകള്‍ ഉള്ള പാര്‍ട്ടി: മന്ത്രി കെ.രാജന്
തിരുവനന്തപുരം: പിഎം ശ്രീക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നു മന്ത്രി കെ. രാജന്. നിലപാടുകളുള്ള പാര്‍ട്ടിയാണ് സിപിഐ. പാര്‍ട്ടിയുടെ നിലപാടുകള്‍ എല്ലാം സംസ്ഥാന സെക്രട്ടറി പറയും.
എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് സിപിഐക്കു കൃത്യമായ നിലപാടും ധാരണയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തുടങ്ങി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സിപിഐയുടെ എതിര്‍പ്പ് പരിഹരിക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം എകെജി സെന്ററില്‍ രാവിലെ തുടങ്ങി. പ്രശ്നപരിഹാരത്തിനാണ് യോഗമെന്നു സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. മന്ത്രിമാരെ ഉള്‍പ്പെടെ പിന്‍വലിക്കാനുള്ള കടുത്ത നിലപാടുമായി സിപിഐ മുന്നോട്ട് പോകുന്നതിനിടെയാണ് സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് കൂടുന്നത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവച്ചതിനെതിരേ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം. പദ്ധതിയിൽ ഒപ്പുവച്ച വാർത്ത അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമാണെന്നും ഇത് മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന മര്യാദകളുടെ ലംഘനമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കേന്ദ്രസർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനു വഴങ്ങുന്നത് സംസ്ഥാനത്തിന്റെ ഫെഡറൽ ജനാധിപത്യം അടിയറ വയ്ക്കുന്ന നടപടിയാണ്. പദ്ധതി സംബന്ധിച്ച് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ രണ്ടുതവണ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ, ചർച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാധ്യതകളും അട്ടിമറിക്കുന്ന നടപടിയാണ് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്നതിലൂടെ ഉണ്ടായത്. അത് വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെയാണെന്നത് ഗൗരവം വർധിപ്പിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി ഇടതു മുന്നണിയിൽ പൊട്ടിത്തെറി. സിപിഐയുടെ കടുത്ത എതിർപ്പിനു പുല്ലുവില നൽകി വിദ്യാഭ്യാസ വകുപ്പ് കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചതാണ് ഇടതുമുന്നണിയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.
സിപിഐ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് സിപിഎം വിഷയം കൈകാര്യം ചെയ്തതെന്ന വികാരമാണ് പാർട്ടിയിൽ നിലനിൽക്കുന്നത്. ഒരു ഘടകകക്ഷിയോടു കാണിക്കേണ്ട യാതൊരു മര്യാദയും പ്രകടിപ്പിക്കാതെ സിപിഎം പിഎംശ്രീയിൽ ഒപ്പുവച്ചതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. മന്ത്രിസഭായോഗത്തിലും പരസ്യമായും പദ്ധതിയോടുള്ളഎതിർപ്പ് സിപിഐ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇടതു മുന്നണിയിൽ ചർച്ച ചെയ്യാൻ സിപിഎം തയാറായില്ല.ആർജെഡിക്കും നീരസം
ഇടതു മുന്നണിയിലുള്ള ആർജെഡിയും ഇക്കാര്യത്തിൽ നീരസം പരസ്യമായി പ്രകടിപ്പിച്ചു. പദ്ധതി സംബന്ധിച്ച് ഇടതുമുന്നണിയിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ആർജെഡിയും തുറന്നടിച്ചു. രാവിലെ മാധ്യമങ്ങളെ കണ്ട മന്ത്രി കെ.രാജൻ പാർട്ടിയുടെ നിലപാട് സെക്രട്ടറി ബിനോയി വിശ്വം പറയുമെന്നാണ് അറിയിച്ചത്.
ഇതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട സന്തോഷ്കുമാർ എംപി കടുത്ത വിമർശനമാണ് സിപിഎമ്മിനെതിരേ ഉയർത്തിയത്. ഗോളി തന്നെ ഗോൾ അടിക്കുന്ന ഇടപാടാണ് നടന്നത്, മുന്നണിമര്യാദയുടെ ലംഘനം, തലയിൽ മുണ്ടിട്ടുപോയി ഒപ്പിട്ടു എന്നിങ്ങനെ രൂക്ഷമായ പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേത്.
എഐഎസ്എഫ് രംഗത്ത്
സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് വിദ്യാഭ്യാസ മന്ത്രിയെ നേരിട്ടു വിമർശിച്ചു രംഗത്തുവന്നു. വഞ്ചനാപരമായ നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചതെന്നായിരുന്നു അവരുടെ വിമർശനം. ഇതിനിടെ. സിപിഐ അടിയന്തര യോഗം ചേർന്നേക്കുമെന്നു സൂചനയുണ്ട്.
ഒപ്പം ഇടതുമുന്നണിയിലെ മറ്റു കക്ഷികളുമായും സംസാരിക്കും. തുടർന്ന് എതിർപ്പ് മുഖ്യമന്ത്രിയെ അറിയിക്കാനാണ് നീക്കം. വിഷയത്തിൽ സിപിഐ സെക്രട്ടറി മാധ്യമങ്ങളെ കാണും. വൈകുന്നേരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാനുണ്ടായ സാഹചര്യം വിശദീകരിക്കുകയാണ് വിദ്യാഭ്യാസമന്ത്രിയുടെ ലക്ഷ്യമെന്നു കരുതുന്നു.
ഞെട്ടലിൽ ഇടതുകേന്ദ്രങ്ങൾ
അതേസമയം, തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയ സമയത്ത് മുന്നണിയിലുണ്ടായ കലഹം ഇടതുകേന്ദ്രങ്ങളെ അന്പരപ്പിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്തും പരസ്പരം സംസാരിച്ചും തീർക്കുന്നതിനു പകരം പ്രകോപനപരമായ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോയതെന്ന ആക്ഷേപമാണ് ഉയരുന്നത്.
എടുത്തുചാടി പിഎംശ്രീയിൽ വിദ്യാഭ്യാസവകുപ്പ് ഒപ്പിടുമെന്ന് സിപിഐ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ചർച്ചയ്ക്കോ സമവായത്തിനോ ശ്രമിക്കാതെ പ്രകോപനപരമായ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടികളെടുത്തതെന്ന നിഗമനത്തിൽ ഒട്ടും വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലേക്കു നീങ്ങിയിരിക്കുകയാണ് സിപിഐ.
സിപിഎമ്മിനേക്കാൾ ഭേദം കോൺഗ്രസ് ആണെന്ന ഗൗരവതരമായ അഭിപ്രായങ്ങൾ പോലും സിപിഐ യോഗത്തിൽ ഉയർന്നെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
District News
കൊല്ലം: പാർട്ടിയിൽ നിന്ന് ആരും പോയിട്ടില്ലെന്ന് സിപിഐ ജില്ലാസെക്രട്ടറി പറഞ്ഞത് അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ച് കുണ്ടറയിൽ നിന്ന് രാജിവച്ചവർ സിപിഎമ്മിൽ ചേർന്നു. സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പത്രസമ്മേളനം നടത്തിയാണ് സി പി ഐ വിട്ടവർ സി പി എമ്മിൽ ചേർന്നതായി അറിയിച്ചത്.
ഉപരി കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും പറയുന്നത് കേൾക്കാൻ ജില്ലാ കമ്മിറ്റി തയാറാകുന്നില്ലെന്നാണ് മുൻ കുണ്ടറ മണ്ഡലം സെക്രട്ടറി റ്റി. സുരേഷ് കുമാർ പത്രസമ്മേളനത്തിൽ ആരോപിച്ചത്.
പാർട്ടി ജില്ലാ സെക്രട്ടറിക്ക് ജനാധിപത്യ വിരുദ്ധ നിലാപാടാണ് ഉള്ളത്. ജില്ലാ സെക്രട്ടറി നടത്തുന്നത് കൂട്ട് കച്ചവടമാണ്. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാൻ ജില്ലാ സെക്രട്ടറി കൂട്ടാക്കുന്നില്ല. സംസ്ഥാന നേതൃത്വം പറയുന്നത് പോലും കേൾക്കാൻ തയാറാവുന്നില്ലെന്നും ടി. സുരേഷ് കുമാർ പറഞ്ഞു.
എക്കാലവും ഭൂരിപക്ഷ തീരുമാന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമായി മണ്ഡലം കമ്മിറ്റി സ്രെകട്ടറിയെ തെരഞ്ഞെടുക്കാന്‍ യോഗം ചേർന്നപ്പോൾ 18 വര്‍ഷം മണ്ഡലം സെക്രട്ടറിയായിരുന്ന ആര്. സേതുനാഥിനെ വീണ്ടും സ്രെകട്ടറിയാക്കാന് ജില്ലാനേതൃത്വം വാശിപിടിച്ചെന്നാണ് രാജിവച്ചവർ ആരോപിക്കുന്നത്.
മൊത്തം 325 പേർ കുണ്ടറയിൽ പാർട്ടി വിട്ടെന്നാണ് ടി.സുരേഷ് കുമാർ പറഞ്ഞത്. സുരേഷ് കുമാറിനെ കൂടാതെ ജലജ ഗോപന്, സോണി വി. പള്ളം, ആര്.ശിവശങ്കരപിള്ള തുടങ്ങിയ നേതാക്കളാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള തീരുമാനത്തിൽ മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് ഉയർത്തി സിപിഐ. മന്ത്രി കെ.രാജൻ പാർട്ടിയുടെ ആശങ്ക അറിയിച്ചെങ്കിലും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ മറുപടി നൽകിയില്ല.
നേരത്തെ രണ്ട് തവണ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് മാറ്റിവെച്ചതാണ് പിഎം ശ്രീ. രാവിലെ ബിനോയ് വിശ്വം പാർട്ടി മന്ത്രിമാരെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഈ ചർച്ചയിലാണ് കാബിനറ്റിൽ എതിർപ്പ് രേഖപ്പെടുത്താൻ നിർദേശമുണ്ടായത്.
ഫണ്ട് വാങ്ങിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന ശിവൻകുട്ടിയുടെ വാദം ബിനോയ് വിശ്വം തള്ളി. സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും പലതരം വിശദീകരണം നടത്തുമ്പോഴും പദ്ധതിയോടുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്ന് സിപിഐ നേതാക്കൾ പറഞ്ഞു.
Kerala
പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ ബിജെപിയുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയുടെ വീട്ടിൽ നിന്നല്ല കേന്ദ്ര ഫണ്ട് നൽകുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കിയതെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ സിപിഐയെ പരിഹസിച്ച സതീശൻ, എന്തിനാണ് നാണംകെട്ട് എൽഡിഎഫിൽ നിൽക്കുന്നതെന്ന് ചോദിച്ചു. ഏതു സിപിഐ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ പരാമർശം.
അതേസമയം, സിപിഐയെ മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു. എൻഡിഎയിൽ നിന്നും എൽഡിഎഫിൽ നിന്നും നിരവധിപാർട്ടികൾ യുഡിഎഫിലേക്ക് വരാനായി കാത്തു നിൽക്കുന്നുണ്ട്. എന്നാൽ നിലവിൽ ചർച്ചകൾ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Kerala
കൊല്ലം: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ സിപിഐ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പുനലൂർ എംഎൽഎ പി.എസ്.സുപാലിനെതിരെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
സുപാലിനെതിരെ ഡയിംഗ് ഹാർനെസ് എംഎൽഎ എന്ന ബാനറുമായാണ് പ്രതിഷേധം നടന്നത്. പുനലൂർ എസ്എൻ കോളജ് യൂണിയൻ തെരഞ്ഞെടിപ്പിലെ വിജയത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തിലും സുപാലിനെതിരെ ബാനർ ഉയർന്നിരുന്നു.
സുപാൽ അടവ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർമാരുടെ പ്രസ്ഥാനമാണ് എസ്എഫ്ഐ എന്നായിരുന്നു ബാനർ. ഇതിന് പിന്നാലെ എസ്എഫ്ഐയ്ക്കും ഡിവൈഎഫ്ഐയ്ക്കും എതിരെ അധിക്ഷേപ മുദ്രവാക്യവുമായി എഐഎസ്എഫും എഐവൈഎഫും പ്രതിഷേധം നടത്തിയിരുന്നു.